നാഗർകോവിൽ: നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. കന്യാകുമാരി ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പൻ (31) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ 18-ന് രാവിലെ എട്ടുമണിയോടെയാണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ സീറ്റിനടിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ ലഭിച്ചത്. നവംബർ 14-ന് രാവിലെ എട്ടുമണിയോടെ കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അയ്യപ്പനെ പിടികൂടിയത്.
നവംബർ 14-ന് രാത്രി 12:30-ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യുവതിയെ പ്രതി ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ഗുരുതരമായ പരിക്കുകളുമാണ് മരണകാരണം. കഴിഞ്ഞ മൂന്ന് നാല് മാസമായി പ്രതി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

