റെയിൽവേ ബജറ്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യം
കോഴിക്കോട്: കേരളത്തിന്റെ റെയിൽവേ വികസനത്തിനായി പാലക്കാട്- തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടുത്തി കേരളത്തിന് പ്രത്യേക റെയിൽവേ സോൺ അനുവദിക്കാൻ കേന്ദ്ര സർക്കാരിലും റെയിൽവേ മന്ത്രാലയത്തിലും ശക്തമായ സമ്മർദ്ദം ബന്ധപ്പെട്ടവർ യോജിച്ച് ചെലുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സി.ഐ.ആർ.യു.എ) ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ, വിവിധ യാത്രക്കാരുടെ സംഘടനകൾ എന്നിവർ ഇതിനായി ഇടപെടണമെന്നും യോഗം അഭ്യർത്ഥിച്ചു.
നേരത്തെ 1,247 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ സേലം രൂപീകരണത്തിന് വിഭജിച്ച് 582 കിലോമീറ്ററായി ചുരുക്കിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന മംഗലാപുരം ഉൾപ്പെടെയുള്ള 30 കിലോമീറ്റർ ഭാഗം മൈസൂർ ഡിവിഷനിലേക്ക് ലയിപ്പിച്ച സാഹചര്യത്തിലാണ് കേരളം പ്രത്യേക സോൺ എന്ന ആവശ്യം സംഘടന ശക്തമാക്കുന്നത്. നിലവിൽ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും, മെച്ചപ്പെട്ട യാത്ര സൗകര്യത്തിനുo അത്യാവശ്യ യാത്രകൾക്കുള്ള എമർജൻസി ക്വാട്ട ലഭിക്കുന്നതിനും പോലും മൈസൂർ ഡിവിഷനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പ്രത്യേക സോൺ അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നേരത്തെ ഗവർണർ, മുഖ്യമന്ത്രി, ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വിഷയം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് കേരള ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി അസോസിയേഷന് രാജഭവനിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി എത്രയും വേഗം റെയിൽവേ സോൺ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, അടുത്ത വർഷം മുതൽ റെയിൽവേക്ക് പ്രത്യേക ബജറ്റ് പുനരാരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ദേശീയ വർക്കിംഗ് ചെയർമാനും സതേ ൺ റെയിൽവേ മുൻ ZRUCC /DRUCC അംഗവുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ദേശീയ കൺവീനർ സൺഷൈൻ ഷൊർണൂർ, കേരള റീജിയൻ ചെയർമാൻ എ. ശിവശങ്കരൻ, ടി.പി. വാസു, മുനീർ കുറുമ്പടി, ജെ.ആർ. ജോൺസൺ, കെ.പി. സുധാകരൻ, സി.കെ. മൻസൂർ, അഡ്വ. എം.കെ. അയ്യപ്പൻ, ഡോ. അഖിൽ ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

