സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ; അന്വേഷണം വേണമെന്ന് ജയിൽ വകുപ്പും

0
110
Rishiraj singh hand over ED letter to Police Chief Behra demanding inquiry on Swapna audio clip

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമാണ് കാരണം. എന്നാൽ ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ശബ്ദരേഖ ചോർച്ചയിൽ ഗൂഢാലോചന സംശയിക്കുന്ന ഇഡി, ജയിൽവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിഗമനത്തിൽ ഇതിനോടകം എത്തിയ ജയിൽവകുപ്പ്, കൂടുതൽ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡിഐജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്. സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തിൽ, ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. സ്വപ്നയുടെ ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. ചോർച്ചയല്ല, സ്വപ്ന പറ‍ഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സ‍ർക്കാർ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here