ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദൻറെ ഉണ്ണി മുകുന്ദൻ ഫിലിംസും ഒന്നിക്കുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അരങ്ങേറ്റ സംവിധായകനായി മാറും. ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്, ‘ഓംകാര’, ‘സ്പെഷ്യൽ 26’, ‘പ്യാർ കാ പഞ്ച്നാമ’, ‘റെയ്ഡ്’, ‘ഷൈത്താൻ’, ‘ദൃശ്യം’ ഫ്രാഞ്ചൈസി തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചവരാണ്. അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസിന്റെ അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 2’ വൻ വിജയമായിരുന്നു. അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ‘ദൃശ്യം: ദി കൺക്ലൂഷൻ’ ഒക്ടോബർ 2-ന് റിലീസിനായി ഒരുങ്ങുകയുമാണ്.
ഉണ്ണി മുകുന്ദൻറെ കരിയറിലെ 50-ാമത് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. “ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിൻറെ നിർമ്മാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തൻറെ 50-ാമത് ചിത്രത്തിൽ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനർജിയിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.”, സിനിമയെക്കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.
‘മേപ്പടിയാൻ’ മുതൽ ‘മാർക്കോ’ വരെ, വ്യത്യസ്തമായ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന വ്യക്തിത്വമാണ് ഉണ്ണിയുടേത്. അദ്ദേഹത്തിൻറെ കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥത ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഞങ്ങൾക്ക്ക്കിടയിൽ സ്വാഭാവികമായൊരു ക്രിയേറ്റീവ് കണക്ഷൻ ഉണ്ടായിരുന്നു. ഉണ്ണിയുടെ സംവിധാനത്തിൽ പുറത്തുവരുന്ന 50-ാം ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.”, പനോരമ സ്റ്റുഡിയോസ് മാനേജിംഗ് ഡയറക്ടർ അഭിഷേക് പഥക് വ്യക്തമാക്കി.

