Kerala

എല്ലാവര്‍ക്കും വീട്: സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്

കൊല്ലം : എല്ലാവര്‍ക്കും വീട് ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്. ജില്ലയിലെ മുഴുവന്‍ ഭൂരഹിത-ഭവനരഹിതരുടെയും അര്‍ഹത തിട്ടപ്പെടുത്തി അവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്ന ലൈഫ് മിഷന്‍ കര്‍മ സമിതി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകള്‍, കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 39,917 ഗുണഭോക്താക്കളെയാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. അര്‍ഹതയുള്ളവര്‍ക്കെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ക്ക് യോഗം രൂപം നല്‍കി.

നഗരമേഖലകളില്‍ പതിമൂവായിരത്തോളം ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സവിശേഷ ശ്രദ്ധയോടെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സ്ഥലം കണ്ടെത്തുന്നതിന് സാമുഹ്യ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.അര്‍ഹരായവരെ അതത് പ്രദേശത്ത് തന്നെ അധിവസിപ്പിക്കുന്നതിനുള്ള ഭൂമി എം പിമാര്‍, എം എല്‍ എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ കണ്ടെത്തണമെന്ന് സര്‍ക്കാരിന്റെ വികസനകാര്യ ഉപദേഷ്ടാവ് സി എസ് രഞ്ജിത്ത് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സൗഹൃദമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രീഫാബ് ടെക്‌നോളജി ഉപയോഗിക്കുന്നതിലൂടെ കൈവരിക്കാനാകുന്ന സമയച്ചുരുക്കവും അവതരിപ്പിച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവരെ പരിഗണിക്കുന്നതിനും സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള നിര്‍മിതികള്‍ വാസയോഗ്യമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും സമയബന്ധിതമായി പാര്‍പ്പിടം ഒരുക്കി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി വ്യക്തമാക്കി. ലൈഫ് മിഷന്‍ മുന്നാംഘട്ടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഭവന നിര്‍മാണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല സജ്ജമായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. തീരദേശ സംരക്ഷണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവ കണക്കിലെടുത്ത് നിര്‍മാണാനുമതി ലഭ്യമാക്കാത്തവരെ ഭൂരഹിത ഭവനരഹിത പട്ടികയിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും.

കുടുംബ റേഷന്‍ കാര്‍ഡിലെ അപാകത മൂലം അര്‍ഹത നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടിയായെന്ന് ഡെപ്യൂട്ടി സി ഇ ഒ കെ.പി.സാബുക്കുട്ടന്‍ നായര്‍ അറിയിച്ചു. ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി പുനലൂര്‍, അഞ്ചല്‍, പടിഞ്ഞാറേ കല്ലട, പവിത്രേശ്വരം, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളിലാണ് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പരവൂര്‍ കല്ലുകുന്ന് സുനാമി ഫ്‌ളാറ്റ്, മയ്യനാട് കുറ്റിക്കാട് സുനാമി ഫ്‌ളാറ്റ് എന്നിവയും ഏറ്റെടുത്ത് അറ്റകുറ്റപണികള്‍ നടത്തുന്നതിന് അനുമതിയുമായി.

ആദ്യഘട്ടത്തില്‍ ഭവന നിര്‍മ്മാണ സഹായം കൈപ്പറ്റിയിട്ടും പണി തീര്‍ക്കാതിരുന്ന 3606 വീടുകള്‍ (98.5 ശതമാനം) പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ രണ്ടാംഘട്ട പദ്ധതിയിലേക്കായി 8852 ഗുണഭോക്താക്കള്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലായി അര്‍ഹത നേടി. 8028 ഗുണഭോക്താക്കള്‍ കരാറില്‍ ഏര്‍പ്പെട്ട് ഭവന നിര്‍മാണം തുടങ്ങി. 2018-19 വര്‍ഷത്തില്‍ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി 279.62 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ 4477 (55.6 ശതമാനം) വീടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. 2080 വീടുകളുടെ മേല്‍ക്കൂര നിര്‍മാണവും 1003 വീടുകള്‍ ഭിത്തിമട്ടം വരെയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായുള്ള സിമന്റ് ബ്ലോക്ക്, ഹോളോബ്രിക്‌സ്, ജനല്‍ കട്ടിള, വാതില്‍ കട്ടിള, പ്രീഫാബ് സാമഗ്രികള്‍ എന്നിവ സൗജന്യമായാണ് നിര്‍മിച്ചു നല്‍കിയത്. എല്ലാ ഗുണഭോക്താക്കള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ദിവസത്തെ തൊഴില്‍ ദിനവും ലഭ്യമാക്കി. ലൈഫ് മിഷന്‍ ജില്ലാ കോ-ര്‍ഡിനേറ്റര്‍ ആര്‍ ശരത്ചന്ദ്രന്‍, ദാരിദ്ര്യലഘൂകരണം പ്രോജക്റ്റ് ഡയറക്ടര്‍ ടി കെ സയൂജ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!