കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും ഇന്ന് മടങ്ങില്ല. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം” എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മഞ്ജു വാരിയരും സംഘവും മണാലിയിലെ ഛത്രുവിൽ എത്തിയത്.
നാളെ രാവിലെ തന്നെ മടങ്ങുമെന്നും ഷൂട്ടിംഗിന് കുറച്ചു സമയം കൂടി വേണമെന്നും സംഘം, ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ ആണ് വിവരം പുറം ലോകത്തെ അറിയിച്ചത്. ഹൈബി ഈഡൻ അടക്കമുള്ളവരുടെ ഇടപെടൽ പെട്ടന്ന് ഫലം കാണുകയും ചെയ്തിരുന്നു.
ശക്തമായ പ്രളയക്കെടുതിയിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്ന് സഹോദരൻ മധു വാരിയരെ മഞ്ജു ഫോണിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കൂടി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവില്‍ ഇവരുള്ള സ്ഥലം സുരക്ഷിതമാണെന്നും മഞ്ജു പറഞ്ഞതായി മധു സൂചിപ്പിച്ചിട്ടുണ്ട്.