പെരുവയല്‍: മഹാപ്രളയത്തെതുടര്‍ന്ന് കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഏകദിനയജ്ഞത്തില്‍ നാല്‍പ്പത് ടൺ മാലിന്യങ്ങൾ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവ പിന്നീട് റീ സൈക്ലിംഗ് യൂണിറ്റിലേക്ക് നീക്കും.
ജനപ്രതിനിധികള്‍,ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. വാര്‍ഡ് തലങ്ങളില്‍ ഇന്നലെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനം വൈകുവോളം നീണ്ടു. വളരെ കുറച്ച് മാലിന്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വയലുകളിലെ വെള്ളം പൂര്‍ണ്ണമായും നീങ്ങിയ ശേഷമേ ഇവ ശേഖരിക്കാന്‍ സാധിക്കു.
ചാലിയാറും ചെറുപുഴയും മാമ്പുഴയും കരകവിഞ്ഞൊഴി കിയതിനെ തുടര്‍ന്ന് ഇത്തവണത്തെ പ്രളയം വലിയ ദുരിതമാണ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ വിതച്ചത്. 1709 കുടുംബങ്ങള്‍ വീടുകളില്‍ നിന്നും മാറി താമസിച്ചിരുന്നു. ജലം കുത്തിയൊഴികതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിറഞ്ഞു. മരങ്ങളിലും തോടുകളിലും റോഡരികിലും ഇവ കുമിഞ്ഞുകൂടിയത് ഗുരുതരമായ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പ്രളയശേഷം യുവജനസംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി. പ്രതിരോധ മരുന്നുകളുടെ വിതരണവും പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് പൊതുഇടങ്ങളിലെയും വീട്ടു പരിസരങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിച്ചത്. ഹരിതകര്‍മ്മസേനയെ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തില്‍ ആറ് മാസത്തിലൊരിക്കല്‍ വീടുകളില്‍ നിന്നും അജൈവ മാലിന്യം ശേഖരിച്ചുവരുന്നുണ്ട്. ഈ സംവിധാനമില്ലായിരുന്നെങ്കില്‍ മാലിന്യത്തിന്‍റെ അളവ് വന്‍തോതില്‍ ഉയരുമായിരുന്നു. ഒന്നാം ഘട്ട ശേഖരണത്തിന് ശേഷം സൂപ്പർ സ്ക്വാഡ് നേതൃത്വത്തിൽ പ്രത്യേക പരിശേധന നടത്തി അവശേഷിക്കുന്ന മാലിന്യം കണ്ടെത്തി അടുത്ത ആഴ്ചയോടെ മുഴുവനായും നീക്കം ചെയ്യുമെന്ന് പ്രസിഡണ്ട് വൈ.വി.ശാന്ത പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത, വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.ഷറഫുദ്ദീന്, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, മെമ്പര്‍മാരായ ടി.എം.ചന്ദ്രശേഖരന്‍, സി.ടി.സുകുമാരന്‍, മിനിശ്രീകുമാര്‍, സെക്രട്ടറി പി.എസ്.സിന്ധു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ.പി.റീന, പി.സുരേഷ് ബാബു നേതൃത്വം നല്‍കി.