News

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെയാക്കും

ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെ ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അവലോകന യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.  ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടും.  ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും ഇതിന് മുന്‍കൈയെടുക്കണം. ഇഎസ്ഐ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനസമയവും ദീര്‍ഘിപ്പിക്കും. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും.

പ്രതിരോധ കിറ്റുകളുടെ (പിപിഇ കിറ്റ്) ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും.  ആരോഗ്യമേഖലയിലുള്ളവര്‍  കൃത്യമായ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  ഭാവിയില്‍ രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണമെന്നും സ്വകാര്യമേഖലയെക്കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഞ്ചു ലക്ഷം മാസ്‌കുകള്‍ തൈച്ചു നല്‍കാമെന്ന് ജില്ലയിലെ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.  കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും മാസ്‌കുകള്‍ ലഭ്യമാക്കും.  ഹാന്‍ഡ് സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍  നടപടിയായിട്ടുണ്ട്.  ഇവ ആവശ്യമുള്ളിടത്ത് എത്തിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കും.  

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ വാട്സാപ്പ് കൂട്ടായ്മ പ്രയോജനപ്പെടുത്തും.  ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സേവനവും പ്രയോജനപ്പെടുത്തും.

ഇതര സംസ്ഥാനത്തൊഴിലാളികളുടെ തൊഴിലും സാമൂഹികജീവിതവും സാധാരണഗതിയില്‍ മുന്നോട്ടുപോകുന്നതിന് അവസരമൊരുക്കണം.  തൊഴില്‍ മേഖല സ്തംഭിക്കാന്‍ ഇടവരരുത്.  സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്നതുപൊലെയുള്ള നിയന്ത്രണങ്ങളോടെ അവര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും നല്ല പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സ്വദേശത്തേക്കു പോകാന്‍ പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പാടാക്കുന്ന കാര്യം പരിശോധിക്കുമെന്ന്  ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.  എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്കുള്ള ഗേറ്റിനു സമീപം പോലീസ് നിരീക്ഷണം ശക്തമാക്കാന്‍ മലപ്പുറം, എറണാകുളം ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.  എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക് ടാക്സി പിടിക്കാന്‍ കഴിയാത്തവര്‍ അവരുടെ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായി ബന്ധപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ സാമഗ്രികളടങ്ങിയ കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് സര്‍ജിക്കല്‍ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ജില്ലയില്‍ 251 ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളുള്ളതില്‍ 139 ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനവും ബോധവല്‍കരണവും പൂര്‍ത്തിയാക്കിയതായും കലക്ടര്‍ അറിയിച്ചു.

എ.പ്രദീപ് കുമാര്‍ എംഎല്‍എ, കോഴിക്കോട് റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസന്‍, സബ് കലക്ടര്‍ പ്രിയങ്ക ജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.    

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!