സംസ്ഥാനത്തെ പ്രളയ, വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും സര്‍ക്കാരും സംയുക്തമായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്‍ഷിക വിള വായ്പയില്‍ നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധിയുമുണ്ടാകും. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാത്ത പുതിയ വായ്പ നല്‍കും. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമേ ഉണ്ടാകൂ. പിഴപലിശ ഈടാക്കില്ല.
വിളനാശം ഉണ്ടായവര്‍ക്കും അതോടൊപ്പം വളര്‍ത്തുമൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറൊട്ടോറിയം ലഭിക്കും. നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധി, കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍ മറ്റു കാര്‍ഷികാവശ്യങ്ങള്‍ എന്നിവയ്ക്കായി ആവശ്യാനുസരണം പുതിയ വായ്പ എന്നിവയുണ്ടാകും. പുതിയ വായ്പകള്‍ക്ക് മറ്റ് ഈടോ ഗ്യാരണ്ടിയോ നല്‍കേണ്ടതില്ല.
വ്യാപാരവ്യവസായ സംരംഭങ്ങള്‍ക്ക് നിലവിലുളള വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം വരെ മൊറട്ടോറിയം ലഭിക്കും. നിലവിലുളള പ്രവര്‍ത്തന മൂലധന വായ്പകള്‍ 36 മാസം കൊണ്ട് തിരിച്ചടയ്ക്കാവുന്ന കാലാവധി വായ്പകളാക്കി മാറ്റാം. നിലവിലുളള കാലാവധി വായ്പകള്‍ക്ക് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തിരിച്ചടവിന് കൂടുതല്‍ കാലാവധിയുമുണ്ടാകും. സംരംഭകരുടെ ആവശ്യാനുസരണം നിലവിലെ സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പകളും അനുവദിക്കും.
ഭവനവായ്പ തിരിച്ചടവിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും വീട് പുതുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പയും അഞ്ച് ലക്ഷം വരെ മാര്‍ജ്ജിന്‍ ഇല്ലാതെ ലഭിക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് ആറ് മാസം വരെ മൊറൊട്ടോറിയവും പുതിയ വ്യക്തിഗത വായ്പയ്ക്ക് പ്രളയ ബാധ്യത വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പരമാവധി 10000 രൂപ വരെ ആവശ്യാനുസരണം 30 മാസം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വ്യക്തിഗത വായ്പ ഈടൊ മാര്ജ്ജിനോ ഇല്ലാതെ നല്‍കും.
നിബന്ധനകള്‍ക്ക് വിധേയമായാണ് വായ്പകള്‍ അനുവദിക്കുക. ഇളവുകളും ആനുകൂല്യങ്ങളും 31.07.2019 ന് തിരിച്ചടവ് തെറ്റാത്ത/നിഷ്ക്രിയ ആസ്തി അല്ലാത്ത വായ്പകള്‍ക്ക് മാത്രമായിരിക്കും. കേരള സര്‍ക്കാര്‍ പ്രളയ/ദുരന്ത ബാധിതമെന്ന് പ്രഖ്യാപിച്ചിട്ടുളള വില്ലേജുകളില്‍പെട്ട അപേക്ഷകര്‍ക്ക് മാത്രമാണ് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുക. ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷകളും പുതിയ വായ്പക്കുളള അപേക്ഷകളും നവംബര്‍ 25 ന് മുമ്പായി ബന്ധപ്പെട്ട ബാങ്ക് ശാഖകളില്‍ സമര്‍പ്പിക്കണം. ഇന്‍ഷൂറന്‍സ് ആനുകൂല്യം വായ്പയിലേക്ക് വരവ് ചെയ്യേണ്ടതാണെന്നും കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.