തിരുവനന്തപുരം ∙ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആഘോഷത്തിലാണ് കേരളത്തിലെ കോൺഗ്രസുകാരും. ഇക്കൂട്ടത്തിൽ അവസരം കിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കടന്നാക്രമിക്കുന്ന വി.ടി.ബൽറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല.
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിൽക്കുന്ന ചിത്രമാണ് ബൽറാം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ‘ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ. ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്നാണ് അദ്ദേഹം ചിത്രം പങ്കിട്ട് കുറിച്ചത്.
കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യം ചേർന്നായിരുന്നു സിപിഎം കോൺഗ്രസിനും ബിജെപിക്കുമെതിരെ മത്സരിച്ചത്. ഇതോടെ കരുത്തുണ്ടായിരുന്ന ഏക മണ്ഡലത്തിൽ പോലും സിപിഎം മൂന്നാമതായി. കോൺഗ്രസ് സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സിപിഎമ്മിനെ പരിഹസിച്ച് ബൽറാം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാതിരുന്നതും ചർച്ചയായിരുന്നു.