എൽഡിഎഫും യുഡിഎഫും പിന്നോക്ക സമുദായങ്ങളെ ചതിക്കുന്നു; കെ. സുരേന്ദ്രൻ

0
186

പട്ടിക ജാതി സംവരണ സീറ്റിൽ പോലും കേരളത്തിൽ നിന്ന് പട്ടിക ജാതിക്കാരല്ല തെരെഞ്ഞെടുക്കപെടുന്നതെന്നും പിന്നോക്ക സമുദായങ്ങളെ എൽഡിഎഫും യുഡിഎഫും ചതിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജരേഖയുണ്ടാക്കി സംവരണ സമുദായമല്ലാത്ത വ്യക്തിയെ തെരഞ്ഞെടുപ്പിൽ നിർത്തുന്നതിലൂടെ മാപ്പർഹിക്കാത്ത തെറ്റാണ് ഇരു മുന്നണികളും ചെയ്തത്. ഈ വിഷയത്തിൽ ഒരു മുന്നണികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവികുളം എം എൽ എ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും പിന്നാക്ക സമുദായങ്ങളെ കാലാകാലങ്ങളായി എൽഡിഎഫും യുഡിഎഫും ചതിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംവരണ സമുദായമല്ലാത്ത വ്യക്തിയെ വ്യാജരേഖയുണ്ടാക്കി സംവരണ സമുദായാംഗമാക്കി തിരഞ്ഞെടുപ്പിൽ നിർത്തി മത്സരിപ്പിച്ച എൽഡിഎഫും യുഡിഎഫും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. ഈ നാട്ടിലെ പിന്നാക്ക സമുദായാംഗങ്ങളെ വഞ്ചിച്ച ഇരുമുന്നണികളും നാട്ടിലെ മുഴുവൻ ജനങ്ങളോടും മാപ്പുപറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എംപി കൊടിക്കുന്നിൽ സുരേഷും മുൻ എംപി പി. കെ ബിജുവും പട്ടികജാതിക്കാരല്ല. വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇരുവരും മത്സരിച്ച് ജയിച്ചത്. ഇതുസംബന്ധിച്ച് ഉയർന്നുവന്ന നിയമനടപടികളിലും അവർ നീതിന്യായ സംവിധാനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പാവപ്പെട്ട പട്ടികജാതിക്കാരുടെ ചോരയും വിയർപ്പും ഊറ്റിക്കുടിച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളിലെ രാജാക്കന്മാരായി വിലസുന്ന ഇടതു-വലതുമുന്നണികളെക്കൊണ്ട് കാലം കണക്കു പറയിപ്പിക്കുമെന്നുറപ്പാണ്. പട്ടികജാതിക്കാരെ പറ്റിക്കുന്ന കാര്യത്തിലും സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here