ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി.
രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍ സജീവമായിരുന്നു. ഒളിവില്‍ പോയ മറ്റൊരു പിഐഒ ആല്‍വെന്‍, മന്‍മോഹന്‍ സുരേന്ദ്ര പാണ്ഡ, അമാന്‍ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.