നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ചതോടെ ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചവരുടെ എണ്ണം രണ്ടായി.വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40 പേരാണ് കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്നത്.
വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖ ബീവിക്കാണ് ഇതിനു മുമ്പ് വധശിക്ഷ വിധിച്ചത്. രണ്ടുകേസുകളിലും നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ല ജഡ്ജി എ.എം. ബഷീര്‍ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയം. അപൂര്‍വങ്ങളില്‍ അപൂവമായ കേസ് എന്ന് പറഞ്ഞാണ് ഗ്രീഷ്മക്ക് ജഡ്ജി വധ ശിക്ഷ വിധിച്ചത്.
2024 മേയിലാണ് ശാന്തകുമാരി കേസിലെ വിധി വന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീഖ ബീവി കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ അയല്‍വാസിയായിരുന്നു റഫീഖ ബീവി. കൂട്ടു പ്രതികളായ അല്‍ അമീന്‍, റഫീഖയുടെ മകന്‍ ഷഫീഖ് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചു.
ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്.