കൊച്ചിയിൽ വാഹനത്തിനുള്ളിൽവച്ച് മോഡലിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 19 വയസുകാരിയായ മോഡലിനെയാണ് പ്രതികൾ വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളും രാജസ്ഥാൻ സ്വദേശിനിയുമാണ് പിടിയിലായത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗം നടന്നത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി പരിശോധനക്കും ഇവരെ വിധേയമാക്കും.തേവരയിലെ ഹോട്ടൽ പാർക്കിംഗിൽ മോഡൽ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികൾ ചേർന്ന് വാഹനത്തിൽ കയറ്റുമ്പോൾ ഡിംപൽ വാഹനത്തിൽ ആദ്യം കയറിയിരുന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കൽ കൊളെജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
കൊച്ചിയിൽ വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്;പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

