തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിനായി എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിനോട് സഹകരിക്കാനാണ് നിര്‍ദേശം. ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്കാണ് വീണ്ടും നോട്ടീസ് അയക്കുന്നത്.
നോട്ടീസ് വീണ്ടും നിരസിക്കുകയാണെങ്കില്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. കൂടാതെ, തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടുള്ള പിഎസ്‌സി അംഗങ്ങള്‍ക്ക് അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസുകളില്‍ ഹാജരായി ചോദ്യം ചെയ്യലില്‍ പങ്കെടുക്കാമെന്നും എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
ഈ മാസം 15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും, ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദേശത്തെ ചോദ്യം ചെയ്ത് പിഎസ്‌സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നും, പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക നിയമപരിരക്ഷ ലഭ്യമല്ലെന്നും കാണിച്ച് എസ്‌ഐടിക്ക് വ്യക്തമായ നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്ന നിലപാടിലേക്ക് എസ്‌ഐടി എത്തിയത്. അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കം.

