ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്. നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്.
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. നഗരത്തിൽ സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടുകയായിരുന്നു.
കറുപ്പ്, ഇളം ബ്രൗൺ നിറങ്ങളിലുള്ള രണ്ട് നായകളാണ് അക്രമകാരികളെന്ന് കടിയേറ്റവർ പറയുന്നു. സംഭവത്തെ തുടർന്ന് വെറ്റിനറി ഡോക്ടർ ഉൾപ്പെട്ട പൊലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി ജനങ്ങളെ അക്രമിക്കുന്നതിനാൽ ഇവയ്ക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.