
നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സീറോ ഗ്രാവിറ്റിയിൽ കഴിയുന്ന ഇരുവർക്കും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ പലതരത്തിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവരും.2024 ജൂൺ അഞ്ചിനാണ് എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവർക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ച ദിവസം മടങ്ങിയെത്താനായില്ല. ഇതോടെ ഐഎസ്‌എസിൽ കുടുങ്ങിയ ഇരുവരും മാർച്ച് 19ന് സ്‌പേസ് എക്‌സിന്റെ ഡ്രൈഗൺ ക്യാപ്‌സൂളിൽ ഭൂമിയിലെത്തും.ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും. ധാരാളം അസ്വസ്ഥതകളും നേരിടേണ്ടി വരും. ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് ബുച്ച് വിൽമോർ വിവരിക്കുന്നു. ‘ഗ്രാവിറ്റി എല്ലാറ്റിനെയും താഴ്ത്തും. ശരീര ദ്രവങ്ങളിൽ പോലും മർദ്ദ വ്യത്യാസം അനുഭവപ്പെടും. ഒരു പെൻസിൽ ഉയർത്തുന്നത് പോലും വലിയ വർക്കൗട്ട് ചെയ്യുന്നതിന് സമാനമായി തോന്നും.’ – ബുച്ച് പറഞ്ഞു.സുനിതയെയും ബുച്ച് വിൽമോറിനെയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യത്തിനായുള്ള ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകം മാർച്ച് 12ന് വിക്ഷേപിക്കും. ഒരാഴ്‌ചയ്‌ക്ക് ശേഷം മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിതയും ബുച്ചും ഭൂമിയിലെത്തും. നിലവിൽ സ്‌പേസ് സ്റ്റേഷന്റെ കമാൻഡറായ സുനിത വില്യംസ് ക്രൂ – 10 ദൗത്യത്തിൽ വരുന്ന പുതിയ കമാൻഡർക്ക് ചുമതല കൈമാറിയ ശേഷമാണ് ഡ്രാഗൺ ക്യാപ്‌സൂളിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യുക.