തൃശൂര്‍ അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആദ്യഘട്ട ചികിത്സയ്ക്കായി ഒന്നര മാസം വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയ. ആനയുടെ മുറിവിന് ഒരടിയോളം താഴ്ച ഉണ്ടായിരുന്നു. ആന മയങ്ങി കിടന്ന സമയം കൊണ്ട് പ്രാഥമിക ചികിത്സ പൂര്‍ണമായി നല്‍കാനായി. മസ്തകത്തിലെ പഴുപ്പ് പൂര്‍ണമായി നീക്കം ചെയ്തു. നിലവില്‍ ആന്റി ബയോട്ടിക്കുകളും ഇന്‍ജക്ഷനും ആനയ്ക്ക് നല്‍കിയെന്നും ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുണ്‍ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക മെഡിക്കല്‍ സംഘം ആനയ്ക്ക് നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ശാന്തനായാണ് കാണുന്നത്.കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം ഏറ്റുമുട്ടലില്‍ ചരിഞ്ഞത് 12 ആനകളാണെന്നും ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.