കോഴിക്കോട്: തിരുവള്ളൂർ ടൗണിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തിരുവള്ളൂർ തുരുത്തി സ്വദേശി എന്.പി. നാരായണൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് മരിച്ചത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം നടന്നത്.
തിരുവള്ളൂർ ടൗണിൽ കടലക്കച്ചവടം നടത്തിവരികയായിരുന്ന നാരായണന്റെ അടുത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരേതയായ നാരായണിയാണ് ഭാര്യ. മക്കൾ: കൃഷ്ണൻ, പുഷ്പ, ശ്രീജ, ഷൈജ.
മരുമക്കൾ: ഷൈനി, ബിജു, മുരളി, പരേതനായ സുരേഷ്.

