ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ വിക്രം 1 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നനാണ് ‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഐതിഹാസിക ദൗത്യം കുതിച്ചുയാർന്നത്.
ഇന്ത്യൻ മണ്ണിൽ നിന്ന് ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണ് വിക്രം-1. പൂർണ്ണമായും കാർബൺ കോമ്പോസിറ്റ് ഘടനയിൽ നിർമ്മിച്ച ഈ റോക്കറ്റിന് ഏഴ് നില കെട്ടിടത്തിന്റെ ഉയരമുണ്ട്. 3D പ്രിന്റഡ് എൻജിനുകളും ഹൈ-ത്രസ്റ്റ് സോളിഡ്-ഫ്യൂവൽ റോക്കറ്റ് ബൂസ്റ്ററുകളും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിന്റെ കരുത്ത്. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ-എർത്ത് ഓർബിറ്റിലേക്ക് 350 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

ഇതൊരു പരീക്ഷണ പറക്കലായതിനാൽ ഭാരമേറിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല. പകരം, റോക്കറ്റിന്റെ പ്രൊപ്പൽഷൻ സിസ്റ്റം, സ്റ്റേജ് സെപ്പറേഷൻ, നാവിഗേഷൻ, കൺട്രോൾ തുടങ്ങിയ നിർണ്ണായക സംവിധാനങ്ങളുടെ പ്രവർത്തനം യഥാർത്ഥ സാഹചര്യത്തിൽ വിലയിരുത്തുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 15 മിനിറ്റും 46 സെക്കൻഡും നീളുന്ന ഈ ദൗത്യം ഭാവിയിലെ വാണിജ്യ വിക്ഷേപണങ്ങൾക്ക് അടിത്തറയൊരുക്കും.

