കുടിശ്ശിക നിവാരണ അദാലത്ത് ഒക്ടോബർ 19ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോഴിക്കോട്, വയനാട് ജില്ലാ ഓഫീസുകളിൽ നിന്നും സി.ബി.സി. പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒക്ടോബർ 19ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് മണി വരെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ കുടിശ്ശിക നിവാരണ അദാലത്ത് നടത്തും. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും പ്രസ്തുത പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ എല്ലാവർക്കും പങ്കെടുത്ത് ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പലിശ പിഴപ്പലിശ എന്നിവയിൽ ലഭിക്കുന്ന ഇളവുകൾ ഉപയോഗപ്പെടുത്താം. ഫോൺ: 0495 2366156, 9188401612, ഇമെയിൽ : pokzd@kkvib.org.
എംപ്ലോയ്‌മെൻറ് താൽകാലിക സെലക്ട് ലിസ്റ്റ്
കോഴിക്കോട് റീജണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ 2024-26 കാലയളവിലേക്ക് സെലക്റ്റ് ലിസ്റ്റ് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് പരിശോധിക്കാം. പരാതിയുണ്ടെങ്കിൽ നവംബർ 10 വരെ നേരിട്ടോ ഓൺലൈനായോ തപാൽ/ഇ-മെയിൽ മുഖേനയോ രേഖാമൂലം സമർപ്പിക്കാം. അന്തിമ സെലക്ട് ലിസ്റ്റ് ഡിസംബർ 26 ന് പ്രസിദ്ധീകരിക്കുമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു
ബാലുശ്ശേരി കുറുമ്പൊയിൽ വയലട തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 18 മുതൽ പ്രവൃത്തി തീരുന്നത് വരെ പ്രസ്തുത റോഡിലൂടെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
വിമുക്തഭടന്മാർക്ക് റെയിൽവേയിൽ തൊഴിൽ അവസരം
ദക്ഷിണ റെയിൽവേയിൽ ഗേറ്റ്‌മെൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള റെയിൽവേ നിഷ്‌കർഷിച്ച യോഗ്യതയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ 26ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷയും രേഖകളും സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0495- 2771881
പരിശീലനം നൽകുന്നു
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ ‘പശു വളർത്തലും ക്ഷീരോൽപാദനമേഖലയിലെ നൂതന സാധ്യതകളും’ എന്ന വിഷയത്തിൽ ഒക്ടോബർ 26ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അസി. ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.

