കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കെത്തി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. സര്‍വ്വകലാശാല പാലയാട് ക്യാമ്പസിലാണ് ഐഷി എത്തിയത്. ഇത് നാഗ്‌പൂരോ ശാഖയോ അല്ല, ക്യാമ്പസ് ആണെന്നും ആര് വിലക്കിയാലും പോരാട്ടം തുടരുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഷി ഘോഷ് പറഞ്ഞു.
എസ്എഫ്‌ഐ ആര്‍എസ്എസിനെ എതിര്‍ക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാതിരുന്നതെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഐഷി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
പരിപാടി നടക്കുന്നത് ആര്‍എസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല. കാമ്പസിലാണ്. വൈസ് ചാന്‍സലറെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിനായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചത്. വൈസ് ചാന്‍സലറുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലായിരുന്നു നടപടി. എന്നാല്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരുന്നുവെന്നും ഐഷി ഘോഷാണ് പരിപാടിയിലെ മുഖ്യാതിഥി എന്ന കാരണത്താലാണ് വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്‌ഐ ആരോപണം.

