കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ബോർഡിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും, ബോർഡിന്റെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാനുള്ള ഹൈക്കോടതിയുടെ നടപടി റദ്ദാക്കണമെന്നുമാണ് വഖഫ് ബോർഡ് പ്രധാനമായും ആവശ്യപ്പെടുന്നത്. വസ്തുതകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ബോർഡിൽ ഇതരമതസ്ഥരെ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വഖഫ് ബോർഡ് വാദിക്കുന്നു. ഇത് വഖഫ് നിയമത്തിലെ 22-ാം വകുപ്പിന് വിരുദ്ധമാണ്. കൂടാതെ, ഒഴിവുകൾ നികത്താത്തതോ ബോർഡ് രൂപീകരണത്തിലെ പിഴവുകളോ ബോർഡിന്റെ പ്രവർത്തനം തടയാനുള്ള കാരണങ്ങളല്ല. വഖഫ് നിയമത്തിലെ 99-ാം വകുപ്പ് പ്രകാരം സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയാൽ മാത്രമേ ബോർഡിന്റെ പ്രവർത്തനം തടയാൻ അധികാരമുള്ളൂ എന്നും, ഇത്തരമൊരു അസാധാരണ സാഹചര്യം ബോധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
തങ്ങളെ കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇത് ഭാവി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ബോർഡ് ബോധിപ്പിച്ചു. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സമാനമായ ഉത്തരവിനെതിരെ തമിഴ്നാട് വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി സ്റ്റേ നൽകിയിട്ടുണ്ടെന്ന കാര്യവും കേരള വഖഫ് ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഈ അപ്പീൽ എത്രയും വേഗം പരിഗണിക്കണമെന്നാണ് കോടതിയിലെ ആവശ്യം.

