
13 സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ഈ ലൈറ്റുകൾ അനുവദിച്ചത്.
മണ്ഡലത്തിൽ പൂർത്തീകരിച്ച 100 പ്രവൃത്തികളുടെ ഉദ്ഘാടനം മാർച്ച് 31നകം നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂർ റേഷൻ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്കടവ് പാലം, കാഞ്ഞിരത്തിങ്ങൽ അങ്ങാടി, പാലച്ചോട്ടിൽ, പാലക്കാടി, മലയമ്മ എ.യു.പി സ്കൂൾ, കോട്ടോൽതാഴം ജംഗ്ഷൻ, കുറ്റിക്കുളം, മേലെ മുന്നൂർ എന്നിവിടങ്ങളിലായാണ് വെളിച്ചമെത്തിയത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സുഷമ, വാർഡ് മെമ്പർമാരായ പ്രീതി വാലത്തിൽ, ശ്രീജ പൂളക്കമണ്ണിൽ, എം.ടി പുഷ്പ, അഡ്വ. എ സിദ്ദീഖ്, പി.കെ മൊയ്തു, ഹകീം മാസ്റ്റർ കളൻതോട്, ഇ.പി വത്സല, കെ സതീദേവി, ടി.കെ മുരളീധരൻ. എൻ.കെ വേണുഗോപാലൻ, കെ.എം സാമി, എ പ്രസാദ്, ലിനി ചോലക്കൽ, കെ ഷിജുലാൽ സംസാരിച്ചു.

മേച്ചിലേരി കണക്കമ്പുറത്ത് എറോച്ചുടല റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മേച്ചിലേരി കണക്കമ്പുറത്ത് എറോചുടല റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ നൂറ് ദിനം നൂറ് പ്രവർത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് ഗതാഗത യോഗ്യമാക്കി തുറന്നുകൊടുത്തത്.
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്. താമരശ്ശേരി വരിട്ട്യാക്കിൽ റോഡിൽ കളരിക്കണ്ടിയിൽ നിന്ന് തുടങ്ങി എറോചുടല കോളനി, കമ്മാണ്ടിക്കടവ് പാലം വഴി ചാത്തമംഗലം ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മണ്ണത്തൂർ ധർമ്മരത്നൻ, സജിത ഷാജി, എ.പി ദേവദാസൻ, ജനാർദ്ദനൻ കളരിക്കണ്ടി, കേളൻ നെല്ലിക്കോട്, മലയിൽ മുഹമ്മദ് സംസാരിച്ചു. കെ.പി ശ്രീനിവാസൻ സ്വാഗതവും ഇ പ്രമോദ് നന്ദിയും പറഞ്ഞു.