കുന്ദമംഗലം: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ വിപ്ലവകരമായ ‘പ്രിയദർശിനി’ പദ്ധതിക്ക് കുന്ദമംഗലം നിയോജകമണ്ഡലത്തിൽ പ്രൗഢോജ്ജ്വലമായ തുടക്കം. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ബസ് യാത്രാക്കാർക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് കുന്ദമംഗലം എംഎൽഎ എംഎ റസാഖ് മാസ്റ്റർ നിർവ്വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനപ്രിയ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്കായുള്ള ഈ സൗജന്യ യാത്രാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുന്ദമംഗലം – കോഴിക്കോട് റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചർ ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് എംഎൽഎ അറിയിച്ചു. നിത്യേന ജോലിക്കും വിവിധ ഉന്നത പഠനത്തിനുമായി ഈ റൂട്ടുകളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും സാമ്പത്തികമായി വലിയ ആശ്വാസമേകുന്നതാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കുന്ദമംഗലത്ത് നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് പടനിലം സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ യു സി രാമൻ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സി കെ. ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ സീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ എ കെ ഷൗക്കത്ത്, എം ബാബുമോൻ, ഹിതേഷ് കുമാർ, കെ മൂസ മൗലവി, എം പി കേളുക്കുട്ടി, എൻ പി ഹംസ മാസ്റ്റർ, ചോലക്കൽ രാജേന്ദ്രൻ, എം.ധനീഷ്ലാൽ, ഖാലിദ് കിളിമുണ്ട, ഒ ഉസൈൻ, ഒ സലീം, ടി കെ സീനത്ത്, ഷൈജ വളപ്പിൽ
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്ത്രീശാക്തീകരണ രംഗത്ത് വലിയൊരു നാഴികക്കല്ലാകുന്ന പദ്ധതിയെ പൊതുജനങ്ങളും യാത്രക്കാരും വലിയ ആവേശത്തോടെയാണ് വരവേറ്റത്.
കുന്ദമംഗലത്ത് ‘പ്രിയദർശിനി’ സൗജന്യ യാത്ര എം എ റസാഖ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

