രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ 2വിന്റെ സെറ്റില്‍ അപകടം. സിനിമ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലുള്ള സ്വകാര്യ ഫിലിം സ്റ്റുഡിയോയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന കാര്‍ത്തികേയനാണ് മരിച്ചത്. 28 വയസ്സായിരുന്നു പ്രായം.
ചിത്രീകരണത്തിനായി വീടിന്റെ സെറ്റ് നിര്‍മിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് കാര്‍ത്തികേയന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാനത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധ മൂലമാണോ അതോ മറ്റ് സാങ്കേതിക തകരാറുകള്‍ കാരണമാണോ വൈദ്യുതി ചോര്‍ച്ച ഉണ്ടായതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ എഫ്.ഐ.ആര്‍ (FIR) രജിസ്റ്റര്‍ ചെയ്തിട്ടില്ല.

