പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്.
കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു.
ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാര്‍ എന്നീ പ്രതികളെയും ചോദ്യം ചെയ്തു.