കോഴിക്കോട് : പ്രകൃതിദുരന്തം മൂലം ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ തകരാറിലായ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പോത്തുണ്ടി പാലം, കൽപ്പള്ളി പാലം, വിലങ്ങാട് പാലം, ഉരുട്ടി പാലം എന്നിവയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ഫണ്ട് ഉപയോഗിച്ച് ചെയ്യണമെന്ന് കലക്ടർ നിർദേശിച്ചു.
ഈ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ്സ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി.ജില്ലയിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെയും മറ്റും പുനരുദ്ധാരണം സംബന്ധിച്ച് ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിരുവമ്പാടിയിലെ പോത്തുണ്ടി പാലം ഭാഗികമായി തകർന്നുവെന്നും ഇതിൻറെ അറ്റകുറ്റപ്പണികൾക്കായി 9 ലക്ഷം രൂപ ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ് ( ബ്രിഡ്ജസ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. ഭാഗികമായി തകർന്നകുന്നമംഗലം കൽപ്പള്ളി പാലത്തിന് ഒമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും നാദാപുരം വിലങ്ങാട് പാലത്തിന് 20 ലക്ഷം രൂപയും നാദാപുരം ഉരുട്ടി പാലത്തിന് 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും ആണ് കണക്കാക്കിയത്.
അടിയന്തര പ്രാധാന്യം ഉള്ളതിനാൽ പ്രവർത്തി ഉടനെ ആരംഭിക്കാനും പിന്നീട് സർക്കാരിൽനിന്ന് സാധൂകരണം വാങ്ങാനും ആണ് ജില്ലാ കലക്ടറുടെ ഉത്തരവ്.