തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 81.80 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും, 76.06 ശതമാനം പേർ ഉന്നത പഠനത്തിനും അർഹത നേടി. പാർട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയർന്ന വിജയശതമാനം (88.29 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (71.39 %) പത്തനംതിട്ട ജില്ലയുമാണ്. പാർട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയർന്ന വിജയശതമാനം (83.98%) വയനാട് ജില്ലയ്ക്കും കുറഞ്ഞ വിജയശതമാനം (67.14%) പത്തനംതിട്ട ജില്ലയ്ക്കുമാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 74 വിദ്യാർഥികളാണ്. കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും 43.37 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 60.87 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും, 51.47 ശതമാനം പേർ പാർട്ട് മൂന്നിലും യോഗ്യത നേടി.
പി.എൻ.എക്സ്. 2469/2020
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ലക്ഷ്യ സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘ലക്ഷ്യ’ സ്കോളർഷിപ്പ് 2020-21 ലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി: 2020 ആഗസ്റ്റ് ഒന്നിന് 20നും 36 നും ഇടയിലായിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. 2020-21 വർഷത്തിൽ 30 പേർക്കാണ് സ്കോളർഷിപ്പ്. അഞ്ചു സീറ്റ് പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന മികച്ച സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ആനുകൂല്യങ്ങൾ ലഭിക്കും.സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെൻററുകളിൽ പ്രവേശന പരീക്ഷ നടത്തും. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്ന സർക്കാർ നിർദേശങ്ങളും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.ഐ.സി.എസ്.ഇ.റ്റി.എസിന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം ആഗസ്റ്റ് 15 ന് വൈകിട്ട് അഞ്ചിനുമുമ്പ് അപേക്ഷിക്കാം.പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2533272 എന്ന ഫോൺ നമ്പരിലോ, icsets@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: icsets@gmail.com.
പി.എൻ.എക്സ്. 2470/2020
കേരള എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിന് സന്നദ്ധ സേന വോളണ്ടിയർമാർ
കേരള എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിന് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ സേന പ്രവർത്തകരെ വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനിങ്, സാനിറ്റൈസേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. രാവിലെ 7 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തന സമയം. പരീക്ഷ കേന്ദ്രങ്ങളുള്ള കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചതായി ഡയറക്ടർ അമിത് മീണ അറിയിച്ചു. യുവജന കമ്മീഷൻ, യുവജന ക്ഷേമ ബോർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സന്നദ്ധ സേന പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങളിൽ ഭാഗമാകും. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, യുവജന ക്ഷേമ ബോർഡ് ചെയർമാൻ പി.ബിജു എന്നിവർ തിരവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വോളണ്ടിയറാകും.
പി.എൻ.എക്സ്. 2470/2020
ഔഷധസസ്യ കൃഷി: ധനസഹായത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം
2021-21 സാമ്പത്തികവർഷത്തെ സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ഔഷധസസ്യ കൃഷിയും പരിപോഷണപ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികൾ സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെ ദീർഘിപ്പിച്ചു. പദ്ധതികൾ സമർപ്പിക്കാനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും ബോർഡിന്റെ www.smpbkerala.org വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 2471/2020
സീനിയർ സയൻറിഫിക് ഓഫീസർ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയൻറിഫിക് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.ഫസ്റ്റ് ക്ലാസോടെ അംഗീകൃത സർവകലാശാലയിൽനിന്ന് ബോട്ടണിയിൽ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് ആയുർവേദ മെഡിക്കൽ സയൻസ് ബിരുദമാണ് യോഗ്യത.ചെടികൾ/കൃഷി/വനവത്കരണ മേഖലകളിൽ 10 വർഷത്തെ ഗവേഷണ പരിചയം വേണം. ഔഷധ സസ്യങ്ങളുടെ സർവേ, തിരിച്ചറിയൽ, ഡോക്യുമെന്റേഷൻ, കൺസർവേഷൻ എന്നിവയിൽ പരിചയം അഭികാമ്യം. 40500-85000 ആണ് ശമ്പള സ്കെയിൽ. സർക്കാർ സർവീസിലോ സ്വയംഭരണ സയൻറിഫിക് റിസർച്ച് ഓർഗനൈസേഷനുകളിലോ നിന്നുള്ള യോഗ്യരായ അപേക്ഷകർ ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ ജൂലൈ 30ന് മുമ്പ് സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.smpbkerala.org.