നൂറാം വാർഷികമാഘോഷിക്കുന്ന കുന്ദമംഗലം കോടതി റോഡ് റീ ടാറിംഗ് പ്രവൃത്തി നിർത്തിവെച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം എം.വി ബൈജു കരാറുകാരനെയും എഞ്ചിനീയർമാരെയും ഭീഷണിപ്പെടുത്തിയതാണ് പ്രവൃത്തി തടസപ്പെടാൻ കാരണമായതെന്ന് ആരോപണം
കുന്ദമംഗലം കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. പി.ടി.എ റഹീം എം.എൽ.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാർ കൗൺസിൽ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരായിരുന്നു യോഗത്തിൽ സംബന്ധിച്ചിരുന്നത്. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയെ എം.എൽ.എ നേരിട്ട് റോഡ് പ്രവൃത്തിയുടെ അടിയന്തിര സാഹചര്യം ബോദ്ധ്യപ്പെടുത്തിയതിനെത്തുടർന്ന് 9-12-2019ലെ സ.ഉ (സാധാ) നം. 886/2019/ഡി.എം.ഡി സർക്കാർ ഉത്തരവ് പ്രകാരം 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു.
കോടതിയുടെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഈ മാസം 24 ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.എം ശഫീഖ് നിർവഹിക്കുന്നതിന് നിശ്ചയിച്ചിരിക്കയാണ്. റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിന് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരുമായി തന്റെ ചേംബറിൽ വെച്ച് നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകുകയും പ്രവൃത്തി നടത്തുന്നതിന് സൗകര്യപ്പെടാൻ കോടതിക്ക് ഒഴിവ് നൽകുകയും ചെയ്തിരുന്നു.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിക്കിടക്കുന്ന ഈ റോഡ് ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണ്. കുന്ദമംഗലം കോടതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമുള്ള ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും വളരെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇതുവരെയും താൽപര്യം കാണിച്ചിരുന്നില്ല. ഇപ്പോൾ എം.എൽ.എ മുഖേന ഫണ്ട് കൊണ്ടുവന്ന് പ്രവൃത്തി നടത്തുന്നത് തനിക്ക് ക്ഷീണം ചെയ്യുമെന്ന ചിന്തയാണ് ഗ്രാമപഞ്ചായത്ത് മെമ്പറെ പ്രവൃത്തി തടസപ്പെടുത്താൻ പ്രേരിപ്പിക്കുന്നതെന്നും വികസന പ്രവർത്തനങ്ങളെ വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിൽ എതിർക്കുന്നവരെ ഒറ്റപ്പെടുത്താൻ കക്ഷി രാഷട്രീയത്തിനതീതമായി പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും സി.പി.ഐ (എം) കുന്ദമംഗലം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോട്ടിയേരി ബാബു അദ്ധ്യക്ഷത വഹിച്ചു. ടി. ശിവാനന്ദൻ, പുതുക്കുടി ബാവ, പി.പി ഷിനിൽ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം സുധീഷ് കുമാർ സ്വാഗതം പറഞ്ഞു

