താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി സ്പെഷ്യൽ ഹോം ആരംഭിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും, ചട്ടങ്ങളും അനുസരിച്ചുള്ള പ്രവർത്തനം നിർബന്ധമാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവ അടങ്ങിയ പ്രൊപ്പോസൽ 30 ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നം. 40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.wcd.kerala.gov.in, 0471-2331059.
എം.ടെക് ഈവനിംഗ് കോഴ്സ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ & ഹെഡ്, ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. റാങ്ക് ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിലും വെയ്റ്റിങ് ലിസ്റ്റിലെ അഡ്മിഷൻ നവംബർ അഞ്ചിനും നടക്കും. വിശദവിവരങ്ങൾക്കും പ്രോസ്പെക്ടസിനും www.dtekerala.gov.in പരിശോധിക്കുക.
എൻജിനിയറിങ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 28ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം.
കരിയർ ഗൈഡൻസ് പരിപാടി 15 മുതൽ
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അദ്ധ്യാപകർ, ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. സെമിനാറുകളും ചർച്ചകളും നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം ബേബി ജോൺ മെമ്മോറിയൽ ഗവ: കോളേജ്, എലന്തൂർ ഗവ: ആർട്സ്&സയൻസ് കോളേജ്, അമ്പലപ്പുഴ ഗവ: കോളേജ്, കോട്ടയം ഗവ: കോളേജ്, കട്ടപ്പന ഗവ: കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ശ്രീ സി.അച്ചുതമേനോൻ ഗവ: കോളേജ്, പാലക്കാട് ഗവ: വിക്ടോറിയ കോളേജ്, മലപ്പുറം ഗവ: കോളേജ്, കോഴിക്കോട് ഗവ: ആർട്സ്&സയൻസ് കോളേജ്, വയനാട് എൻ.എം.എസ്.എം. ഗവ: കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്, കാസർഗോഡ് ഗവ: കോളേജ് എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസ് പരിപാടി നടക്കും.
അന്യത്രസേവനത്തിന് അപേക്ഷിക്കാം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പദ്ധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 26ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം.
ഒറ്റത്തവണ വെരിഫിക്കേഷന്
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 277/18) തസ്തികയിലേക്ക് 2021 ജൂലൈ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒറ്റത്തവണ വെരിഫിക്കേഷന് ഒക്ടോബര്‍ 18,20,21,22,25,26 തീയതികളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. വെരിഫിക്കേഷന് ദിവസം ഐ.ഡി പ്രൂഫ്, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പി.എസ്.സിയുടെ ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം.
വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന് 18ന്
കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ്, കൊമേഴ്ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
ഒക്ടോബര്‍ 18ന് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിലാണ് അഡ്മിഷന്. ജില്ലയില്‍ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇതുവരെ സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഒക്ടോബര്‍ 18ന് രാവിലെ 9.30 നകം രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് നടത്തിയവര്‍ 18 ന് രാവിലെ 9.30 മുതല്‍ 11 മണിവരെ മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0495 2370714.
കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ (CCEK) ആഭിമുഖ്യത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്ന് (ഒക്ടോബര്‍ 14) മുതല്‍ 17 വരെ പ്ലസ് ടു,| ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടത്തുന്നു. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്ന് അസോ. പ്രൊഫസര്‍ അറിയിച്ചു.
സ്പോർട്സ് ക്വാട്ട പ്രവേശനം
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് & സയൻസ് കോളേജിലെ ജില്ലാ സ്പോർട്സ് കൗൺസിൽ മുഖേന നടത്തുന്ന ഡിഗ്രി സ്പോർട്സ് ക്വാട്ട അഡ്മിഷൻ 20ന് രാവിലെ 10 മണിക്ക് നടക്കും. കോളേജ് സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 8075799406.
വാക് ഇൻ ഇന്റർവ്യൂ 21ന്
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യിൽ എനർജി മാനേജ്മന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി താത്കാലിക വ്യവസ്ഥയിൽ ഒരു മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സർവ്വേ ടെക്നീഷ്യൻമാരെ നിയമിക്കും. ഐടിഐ/ ഡിപ്ലോമ/ അംഗീകൃത ബിരുദം ഉള്ളവർ സി-ഡിറ്റിന്റെ തിരുവല്ലം ഓഫീസിൽ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cdit.org, 9895788233/9895788334.
പാരിസ്ഥിതികം പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 ലെ ‘പാരിസ്ഥിതികം’ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും ഒക്ടോബർ 30ന് മുൻപ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2326264. ഇ-മെയിൽ: paristhithikam.doecc@gmail.com.
സ്പോർട്സ് ക്വാട്ട അഡ്മിഷൻ
ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും നെടുമങ്ങാട് ഗവൺമെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി വിദ്യാർഥികൾ കോളേജിൽ എത്തണം.
അവാർഡിന് അപേക്ഷ ക്ഷണിച്ചു
പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2019, 2020 വർഷങ്ങളിലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയം സഹായ/അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/ സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിൽ 2019, 2020 വർഷങ്ങളിൽ നടപ്പാക്കിയ നൂതന ആശയാവിഷ്കാരത്തിനുള്ള അംഗീകാരമായാണ് അവാർഡുകൾ നൽകുന്നത്. പൊതുജന സേവനങ്ങളുടെ ലഭ്യത, വ്യക്തിവികാസ മാനേജ്മെന്റ്, നടപടിക്രമങ്ങളിലെ നൂതനത്വം, വികസനോൻമുഖമായ നവീനതകൾ എന്നീ നാലു വിഭാഗങ്ങൾക്കാണ് അവാർഡ്. ഓരോ വിഭാഗത്തിനും അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. 2019, 2020 വർഷങ്ങളിൽ പ്രത്യേകം അപേക്ഷകൾ നൽകണം.
മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ സമഗ്ര വിവരങ്ങളടങ്ങുന്ന അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി. തിരുവനന്തപുരം- 695033 എന്ന മേൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 10നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.img.kerala.gov.in ൽ ലഭിക്കും.
അസി. പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് അടിസ്ഥാന യോഗ്യതയും എം.ആർക്, എം.പ്ലാനിംഗ്, എം.എൻ.എ (ലാൻസ്കേച്ച് ആർക്കിടെക്ചർ) എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ 20ന് മുൻപ് കോളേജ് വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈൻ ആയോ hod.ar@cet.ac.in വഴിയോ അപേക്ഷിക്കണം. 27നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515565.
പി.ആർ.ഡി പ്രിസം പദ്ധതിയിൽ 17 വരെ അപേക്ഷിക്കാം
*സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾ സിഡിറ്റിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ളിക്ക് ചെയ്ത് ഒക്ടോബർ 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സൈറ്റിൽ അപ്ലോഡ് ചെയ്യണം. സൈറ്റിൽ വിവരം നൽകി കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല.
ജേർണലിസം ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ളോമയും അല്ലെങ്കിൽ, ജേർണലിസം/ പബ്ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ തത്തുല്യമോ ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം/ പി. ആർ/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ പബ്ളിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമോ തത്തുല്യമോ ആണ് കണ്ടന്റ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഇൻഫർമേഷൻ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാനപങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പരിചയം ഉണ്ടാവണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. മൂന്നു പാനലിലും അപേക്ഷിക്കുന്നവർ മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം. എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്ടോബർ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
35 വയസാണ് പ്രായപരിധി. 21,780 രൂപയാണ് സബ് എഡിറ്ററുടെ പരമാവധി പ്രതിമാസ പ്രതിഫലം. 17,940 രൂപ ആണ് കണ്ടന്റ് എഡിറ്ററുടെ പരമാവധി പ്രതിഫലം. 16940 രൂപയാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒരു മാസത്തെ പരമാവധി പ്രതിഫലം. വിശദാംശങ്ങൾ www.prd.kerala.gov.inൽ ലഭിക്കും.
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ കെ അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ 13 നാണ് സിറ്റിംഗ്. രാവിലെ 10 മണി മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.
സീനിയർ റസിഡന്റ് ഡോക്ടർ
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്ട്രോ എൻട്രോളജിയിൽ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നകം പ്രൊഫഷണൽ & എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഐ.എച്ച്.ആര്.ഡി: ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്.ഡി 2021 ജൂലൈ മാസത്തില്‍ നടത്തിയ വിവിധ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും
അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും. വെബ്സൈറ്റിലും (www.ihrd.ac.in)
പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും നവംബര്‍ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. മാര്‍ച്ച് 2022ലെ 2018 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവര്‍ അപേക്ഷകള്‍
നവംബര്‍ 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബര്‍ 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ലേലം
കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സിലുള്ള തെങ്ങുകളില്‍ നിന്നും, ചാലിയം തോപ്പ് റിസര്‍വ്വിലെ തെങ്ങുകളില്‍ നിന്നും നാളികേരം, ഉണങ്ങി വീഴുന്ന ഓലകള്‍, കൊതുമ്പുകള്‍ മുതലായവ അടുത്ത മൂന്ന് വര്‍ഷ കാലയളവില്‍ ശേഖരിച്ചു നീക്കം ചെയ്യുന്നതിലുള്ള അവകാശം ഒക്ടോബര്‍ 28 ന് ലേലം/ദര്‍ഘാസ് വ്യവസ്ഥയില്‍ പാട്ടത്തിന് കൊടുക്കുന്നു. ടെണ്ടര്‍ ഫോറം ലേലം/ദര്‍ഘാസ് നടക്കുന്ന ദിവസലോ ചാലിയം ഡിപ്പോയിലോ സ്വീകരിക്കുമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2414702.
റേഷന്‍ കാര്‍ഡ് – സിറ്റിങ് നടത്തി
മണിയൂര്‍ പഞ്ചായത്തിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി മീനത്ത് കര കോളനിയിലെ അങ്കണവാടിയില്‍ സിറ്റിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. വാടക വീട്, വാടക ക്വാര്‍ട്ടേര്‍സ്, കുടില്‍, ഷെഡ്, പുറമ്പോക്ക് ഭൂമി, റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം, സി.ആര് സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി, കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലങ്ങളായി റേഷന്‍ കാര്ഡില്ലാത്തവര്ക്കുമാണ് സിറ്റിങ് നടത്തിയത്.
സിറ്റിങ്ങില്‍ പങ്കെടുത്ത വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡില്ലാത്ത 62 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കുന്നതിനായുള്ള അംഗികാരം നല്കി. ഈ കുടുംബങ്ങള്‍ക്ക് സപ്ലൈ ഓഫിസില്‍ വരാതെ തന്നെ അക്ഷയ കേന്ദങ്ങളില്നിന്നും ഓണ്‍ലൈന്‍ അപേക്ഷ എടുക്കുന്ന മുറയ്ക്ക് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ മൂഴിക്കല്‍ പ്രമോദ് അധ്യക്ഷനായി. ടി.എസ്.ഒ സജിവന് ടി.സി, എ.ടി.എസ്ഒ സീമ പി, റേഷനിങ് ഇന്‍സ്പെക്ടര്‍ സജീഷ് കെ.ടി എന്നിവര്‍ സംസാരിച്ചു.
രജിസ്ട്രേഷന് ചെയ്യണം
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി തൊഴിലാളികളുടെ രജിസ്ട്രേഷന് നടത്തുന്നു.
16 വയസു മുതല്‍ 59 വയസുവരെ ഇന്‍കം ടാക്സ് അടക്കാന്‍ സാധ്യതയില്ലാത്ത അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളും നിര്‍ബന്ധമായും രജിസ്ട്രേഷന് നടത്തണം. ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ കമ്മറ്റി ചെയര്മാന് അറിയിച്ചു. ഫോണ്‍: 0495-2366380.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം നിര്‍മാണ പ്രവൃത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ഇ ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ജനുവരി ഒന്നിന് 30 വയസ് കവിയരുത്. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ നിന്നും ത്രിവത്സര ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് ഉളളവരായിരിക്കണം. യോഗ്യത ഇല്ലാത്ത പക്ഷം അംഗീകൃത യൂണിവേഴ്സിറ്റി ബിരുദത്തോടൊപ്പം ഒരു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. അപേക്ഷകര്‍ ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല് രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

