ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള ഒരു ഓട്ട്ലെറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ കനോലി കനാലിലേക്ക് ചേരുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കനോലി കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നതായുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കലക്ടർ വിദഗ്ധ സംഘത്തോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായതിനെ തുടർന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് കലക്ടറും സബ് കളക്ടറും കോർപ്പറേഷൻ ഹെൽത്ത് ഓഫീസറും ആശുപത്രി സന്ദർശിച്ച് സംഭവത്തെക്കുറിച്ചും മുൻകാലങ്ങളിൽ ആവർത്തിച്ചുള്ള പരാതികളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിക്കുകയും പരിഗണനയ്ക്കായി ചില വസ്തുതകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെത്തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ഇറിഗേഷൻ, കോർപ്പറേഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ്, ഹൈഡ്രോളജി, എൻ. ഐ.ടി.യിൽ നിന്നുള്ള എവിറോൺമെന്റൽ എഞ്ചിനീയറിംഗ് വിദഗ്ധർ എന്നിവരടങ്ങുന്ന 7 അംഗങ്ങളുള്ള ഒരു സംഘം രൂപീകരിച്ചു. ഈ സംഘം വിശദാംശങ്ങൾ പരിശോധിച്ച് വസ്തുതാപരമായ റിപ്പോർട്ട് നൽകും. അവർക്ക് വ്യക്തമായ പഠനത്തിനുള്ള മാനദണ്ഡങ്ങളും നൽകി. വിദഗ്ധ സംഘം വെള്ളിയാഴ്ച ഒരു തവണ പരിശോധന നടത്തി. വിശദമായ പരിശോധന തിങ്കളാഴ്ച നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.