മൂരാട് : മൂരാട് റെയിൽവേ പാലം ഒന്നാംഘട്ട ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമി പൂർണ്ണമായും റെയിൽവേക്ക് കൈമാറി.
ഏറ്റെടുക്കേണ്ട ഭൂമിയിൽ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ഭൂമികൈമാറ്റം പൂർണമായത്.
2018 ഏപ്രിലിൽ ഭൂമിയേറ്റടുക്കൽ ഭൂരിഭാഗം പൂർത്തിയായെങ്കിലും കള്ളുഷാപ്പ് സ്ഥിതിചെയ്യുന്ന ഭൂമി ഏറ്റെടുക്കലുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു.
കൊയിലാണ്ടി എം എൽ എ കെ ദാസനും ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ പി പ്രേമനും സഹ ജീവനക്കാരും ശക്തമായി ഇടപെട്ടതിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്.
ഏറ്റടുക്കുന്ന ഭൂമിയിലുള്ള കള്ളുഷാപ്പിന്റെ ഭാഗം ഉടമസ്ഥർ പൊളിച്ചുമാറ്റാൻ തയ്യാറാവുകയായിരുന്നു.
ഇതോടെ വടകര, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാവും. കൊയിലാണ്ടി വടകര താലൂക്കുകൾക്ക് ഇടയിലുള്ള മൂരാട് പുഴക്ക് കുറുകെ നിർമ്മിച്ച റെയിൽവേ പാലം 2018 മാർച്ച് മാസത്തോടെ പൂർത്തിയായിരുന്നു എന്നാൽ ട്രാക്ക് നിർമ്മാണത്തിന് ആവശ്യമായ ഭൂമി മുഴുവനായും ഏറ്റെടുത്ത് നൽകാൻ കഴിയാത്തത് കാരണം ട്രാക്ക് നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്യുവാൻ കഴിയാതെ വന്നു.
ഏറ്റെടുക്കേണ്ട ഭൂമിയിൽ ഒരു കള്ളുഷാപ് സ്ഥിതിചെയ്യുന്നതിനാൽ ഷാപ്പുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പ്രശ്നവും പെട്ടന്ന് ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക തടസ്സവും സ്ഥലം ഏറ്റെടുക്കൽ വൈകാൻ കാരണമായി. ഈ തടസ്സങ്ങൾ നീങ്ങിയത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും