ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ മകന്‍ പ്രതീക് യാദവ്(38) അന്തരിച്ചു. ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍വച്ചായിരുന്നു മരണം.
അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപര്‍ണ യാദവ് ആണ് ഭാര്യ. രാവിലെ 6.15 ഓടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പ്രതീകിനെ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഭാര്യ അപര്‍ണ ഈ സമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല.
കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് യൂണിവേഴ്‌സിറ്റിയിലെയും ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ സംഘം ഉടന്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. പ്രാഥമിക നിരീക്ഷണത്തില്‍ ശരീരത്തില്‍ പരിക്കേറ്റതിന്റെ പാടുകളൊന്നുമില്ല.
ഏറെ നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ശ്വാസകോശത്തില്‍ രക്തംകട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു പ്രതീക്. രാവിലെ നില മോശമായതോടെ പ്രതീക് പ്രതികരിക്കാതായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യയായ സാധ്‌നയുടെ മകനാണ് പ്രതീക്. യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ കരസ്തമാക്കിയ പ്രതീക് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കൂടിയായിരുന്നു.

