റിയാദ്: സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു. സൗദി വ്യോമയാന മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖമീഷ് മുശൈത്ത് മേഖലയിലും ആക്രമണ ശ്രമമുണ്ടായി. എന്നാൽ മിസൈല്‍ പ്രതിരോധിച്ചെന്ന് സൗദി വ്യക്തമാക്കി. അബഹയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇന്നലെയും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആക്രമണം നടന്നിരുന്നു. വിമാനത്താവളത്തിലെ പാസഞ്ചര്‍ ഹാള്‍ നമ്പര്‍ നാലില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞിരുന്നു. വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും അദ്ദേഹം അറിയിച്ചു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യക്കാരന്‍ മരിച്ചിരുന്നു. 10 ഇന്ത്യക്കാര്‍ പരിക്ക് പറ്റി ചികിത്സയിലുണ്ടെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരെ കാണാനില്ല. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് ആക്രമണം ഉണ്ടായത്.

