തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിജിലൻസ് എഫ്.ഐ.ആറിൽ പ്രതികരിച്ച് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. പിണറായി വിജയനെ വേട്ടയാടാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും നിലവിലുള്ളത് തികച്ചും വ്യാജമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വേട്ടയാടലിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ വിജിലൻസ് നടപടിയെന്നും, സമൂഹം ഇതിനകം നിരാകരിച്ച ഒരു പ്രശ്നം വീണ്ടും ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും, ഈ ഗൂഢാലോചനയ്ക്ക് മുന്നിൽ പാർട്ടി ഒട്ടും പതറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും ഏത് അറ്റം വരെയും പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തത് എന്ന് ചോദിച്ച അദ്ദേഹം കേസിന്റെ സ്വഭാവത്തിനനുസരിച്ച് തുടർ നടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പാർട്ടി ആലോചിക്കുമെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടർന്നുപോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മാസപ്പടി-ഹവാല ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഔദ്യോഗികമായി കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് പ്രതിപക്ഷ നേതാവായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. എന്നാൽ രണ്ട് കേസുകളിലും വീണ വിജയൻ രണ്ടാം പ്രതിയായി ഉൾപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഇന്ന് തന്നെ അപ്പീൽ നൽകിയേക്കുമെന്നാണ് വിവരം. തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്നായിരിക്കും ഹർജിയിലെ പ്രധാന വാദം.

