സംസ്ഥാനത്ത് നിലവിലുള്ള ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ജില്ല കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായും വിലയിരുത്തി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണ്.
പൊതുവില്‍ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വെള്ളപ്പൊക്കമേഖലകളിലും നദികളും വെള്ളം നല്ലരീതിയില്‍ കുറഞ്ഞുവരുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. മിക്ക പ്രദേശങ്ങളില്‍ തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തില്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടികള്‍ എടുക്കുന്നുണ്ട്. മൊബൈല്‍ കണക്ടിവിറ്റിയും പ്രത്യേക ജനറേറ്ററുകള്‍ സജ്ജീകരിച്ച് ടവറുകള്‍ ചാര്‍ജ് ചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ബണ്ടുകള്‍ മുറിഞ്ഞ് വെള്ളം കയറാതിരിക്കാന്‍ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.