ആരു പറഞ്ഞു കേരളത്തിന് കൈത്തങ്ങാവാൻ ആളുകളില്ലെന്ന്. ഒരു ജനതമുഴുവൻ ദുരിത ബാധിതർക്ക് ഒപ്പം ഉണ്ടെന്ന് വിളിച്ചോതുന്ന വാർത്തകളാണ് നവ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പെരുന്നാളിനായി വിൽക്കാൻ എത്തിച്ച വസ്ത്രം പ്രളയ ബാധിതർക്കായി നൽകി പെരുന്നാൾ ആഘോഷിച്ച നൗഷാദുമാരുടെ കേരളം. ഇതോടൊപ്പംതന്നെ മാതൃകയുമായി മാറുകയാണ് മറ്റൊരു യുവാവ്. പണമില്ലാത്തതിനാൽ തന്റെ ഇരുചക്ര വാഹനം വിറ്റ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നൽകാൻ തീരുമാനിച്ച ആദി ബാലസുധ.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദി ഈ വിവരം പങ്കു വെച്ചത്. മാത്രമല്ല ചിത്രകാരൻ കൂടിയായ ഇദ്ദേഹം വരച്ചു നൽകുന്ന ചിത്രങ്ങളുടെ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണ്.
അദ്ദേഹത്തിന്റെ പോസ്റ്റിങ്ങനെ
” മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും.”
ദുഷ്ടലാക്കോടു കൂടി പ്രചാരണം നടത്തുന്നവർ കണ്ടു പഠിക്കേണ്ടതുണ്ട് ചിലതെല്ലാം. ഒരു നാട് വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോഴല്ല മുതലെടുപ്പുകൾ നടത്തേണ്ടത്. മറിച്ച് നമ്മൾ ചെയ്യേണ്ടത് ഒരു കൈത്താങ്ങാണ് ഒരു ജനതയുടെ അതി ജീവനത്തിനായി… അതി ജീവിക്കും നമ്മൾ ഇതുപോലുള്ള ആദി ബാലസുധാമാരിലൂടെ