തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായി എഡി തോമസ് എംഎല്‍എ, അജയ് ജുവല്‍ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഓഫീസിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അക്രമിക്കാന്‍ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും ലാത്തി സറണ്ടര്‍ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്നും എഡി തോമസ് എംഎല്‍എ പറഞ്ഞു.
ലാത്തി സറണ്ടര്‍ ചെയ്തുവെന്ന് പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആയുധം എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ മറുപടി നല്‍കിയിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പ്രതികളും നേരത്തെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പ്രതികളെ നാളെയും ചോദ്യം ചെയ്യും. ഇന്നോ നാളെയോ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തുടര്‍ന്ന് മര്‍ദനം ഉണ്ടാകുകയും ചെയ്തത്.

