സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുന്‍പേ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ‘തലവേദന’യും തുടങ്ങി- ബ്രിസ്ബെയ്നിലെ 4-ാം ടെസ്റ്റില്‍ ആരൊക്കെ കളിക്കും? പരുക്കിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളെ മുന്‍പേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളില്‍ ഏതാനും പേരെ സിഡ്നി ടെസ്റ്റിലും നഷ്ടമായി. സിഡ്നിയില്‍ പരുക്കേറ്റ താരങ്ങളില്‍ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ക്ക് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം ഇന്നിങ്സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്സില്‍ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത (നാല് വിക്കറ്റ്) ജഡേജ രണ്ടാം ഇന്നിങ്സില്‍ പന്തെറിയാനില്ലാതെ പോയത് ടീമിനെ ബാധിക്കുകയും ചെയ്തു. അത്യാവശ്യമെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ കുത്തിവയ്പ്പെടുത്ത് ജഡേജ ബാറ്റു ചെയ്യാനെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും വേണ്ടിവന്നില്ല. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയ ഇന്നിങ്സ് കളിക്കുന്നതിനിടെയാണ് വിഹാരിക്ക് പരുക്കേറ്റത്. താരത്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം, ഒന്നാം ഇന്നിങ്സില്‍ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്സില്‍ കളത്തിലിറങ്ങിയത് ഇന്ത്യയ്ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. കളത്തിലിറങ്ങിയെന്ന് മാത്രമല്ല, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി ടീമിനെ തോളേറ്റുകയും ചെയ്തു. 118 പന്തുകള്‍ നേരിട്ട പന്ത് 12 ഫോറും മൂന്നു സിക്സും സഹിതം 97 റണ്‍സാണ് നേടിയത്. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (148) തീര്‍ത്തു. ഓസ്ട്രേലിയന്‍ ബോളര്‍മാരുടെ പന്തുകള്‍ ശരീരത്തില്‍ കൊണ്ട അശ്വിനും വലഞ്ഞെങ്കിലും പരുക്കേറ്റിട്ടില്ലാത്തത് ആശ്വാസമാണ്.