എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി സീനിയോറിറ്റി മറി കടന്നു കൊണ്ടുളള നിയമനങ്ങള്‍ നടക്കുന്നുവെന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത ഒരു സംഘടനയുടെ പേരില്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് സംവരണം, വയസ്സ്, യോഗ്യത, സീനിയോറിറ്റി മുതലായ വ്യക്തമായ മാനദണ്ഡ പ്രകാരം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് അയച്ചുകൊടുക്കുകയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. അയച്ചുകൊടുക്കുന്ന ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്നത് അതാത് ഉദ്യോഗദായകരാണ്. മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ച് തയ്യാറാക്കുകയും ചെയ്ത സീനിയോറിറ്റി ലിസ്റ്റുകളില്‍ നിന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഇപ്രകാരം ഉദ്യോഗദായകര്‍ക്ക് അയച്ചുകൊടുക്കാനുളള ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ സീനിയോറിറ്റി ലിസ്റ്റുകള്‍ ഏതു സമയത്തും ഓഫീസില്‍ നേരിട്ട് ഹാജരായോ www.employment.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശോധിക്കാനുളള അവസരവുമുണ്ട്. ഈ സാഹചര്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സീനിയോറിറ്റി മറികടന്നു നിയമനം നടത്തുന്നുവെന്ന് പത്രങ്ങളില്‍ കൂടി വന്ന പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സീനിയോറിറ്റി മറി കടന്ന് നിയമനം;വാസ്തവവിരുദ്ധമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
