കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്. മഴവെള്ളമിറങ്ങി കെട്ടിടം തകര്‍ന്നു വീഴാതായ സാഹചര്യത്തിലാണ് ആശുപത്രി കെട്ടിടം താല്‍കാലിക സംവിധാനത്തിലേക്ക് മാറിയത്. നിലവില്‍ നാല് താല്‍കാലിക കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി സമയബന്ധിതമായി പുതിയ സംവിധാനത്തിലേക്ക് മാറും. ആരോഗ്യവകുപ്പിന്റെയും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും ഇടപെടലിലൂടെയാണ് ആശുപത്രി നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടത്തിയത്. മൂന്നര കോടി രൂപ മുടക്കി മദ്രാസ് അപ്പോളോ ആശുപത്രിയാണ് പുതിയ കെട്ടിടം പണിയുന്നത്. പഴയ കെട്ടിടം പ്രവര്‍ത്തിച്ചിരുന്ന ഒരു ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുക.
യു.എല്‍.സി.സിക്കാണ് നിര്‍മ്മാണ ചുമതല. നിലവില്‍ ലാബ് ഉള്‍പ്പടെയുള്ള സൗകര്യം കക്കോടി പഞ്ചായത്ത് ഓഫീസിന് മുകളിലെ നിലയിലും ഹോമിയോ ഡിസ്‌പെന്‍സറി, ആയുര്‍വേദ ഡിസ്‌പെന്‍സറി, സബ്‌സെന്റര്‍ എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കുള്ള മരുന്ന് വിതരണവും താത്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് അഞ്ഞൂറോളം രോഗികളാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ആശുപത്രിയെ പൊതുജനാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. പ്രളയത്തില്‍ മുങ്ങിയ ഈ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.
കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തില്‍ സര്‍ക്കാരിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകളും സ്വകാര്യപങ്കാളിത്തവും കാര്യക്ഷമമായി നടക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനര്‍നിര്‍മ്മാണങ്ങള്‍. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയില്‍ ആധുനിക സംവിധാനങ്ങളോടെ ആശൂപത്രി പ്രവര്‍ത്തനം പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറക്ക് ആരംഭിക്കുമെന്നും കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചോയ്ക്കുട്ടി പറഞ്ഞു.