ന്യൂ ഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത അനുമതിയും ഇ-കെ.വൈ.സി വഴി പ്രായം ഉറപ്പുവരുത്തലും നിർബന്ധമാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഓൺലൈൻ ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവര ചോർച്ച, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ലഭ്യത തുടങ്ങിയ ഗുരുതര ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര ഐ.ടി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയോ വേണമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

