കൊച്ചി: സ്വകാര്യ ബസ് സർവീസ് മേഖലയിൽ മത്സരപ്പാച്ചിലിനും സംഘർഷത്തിനും വഴിവെക്കുന്നത് പാട്ടം സർവീസ് വ്യവസ്ഥ. കൊച്ചി നഗരത്തിലെ പാട്ടം സർവ്വീസിനെതിരെ ബസ് ഉടമകളുടെ സംഘടന രംഗത്ത്. അക്രമസംഭവങ്ങൾക്കും, മത്സരയോട്ടത്തിനും കാരണമാകുന്നത് പാട്ടം സംവിധാനമാണെന്നാണ് ആക്ഷേപം.
നാമം മാത്രമായ ലാഭം പോലും ലഭിക്കാതെ വന്നതോടെ അനധികൃതമായി ബസ് വാടകയ്ക്ക് നൽകി പണം കൈപ്പറ്റുന്ന രീതിയാണ് പാട്ടം ബസ് സർവ്വീസ്. കൊച്ചിയിൽ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് പാട്ടം സർവ്വീസിനെതിരെ ഉടമകൾ തന്നെ രംഗത്ത് വന്നത്. തൊഴിലാളികളെ പോലും ഉടമയ്ക്ക് അറിയാൻ കഴിയാത്ത ഇത്തരം സംഭവങ്ങളിലൂടെ ക്രമിനൽ പശ്ചാത്തലമുള്ളവരടക്കം രംഗത്തേയ്ക്ക് പ്രവേശിക്കുന്നുണ്ടെന്നും, ലഹരി അടക്കമുള്ളവ മൂലം ഉടമയ്ക്കും യാത്രക്കാർക്കും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നും കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.
പൊലീസും, മോട്ടോർ വാഹന വകുപ്പും നടത്തുന്ന ഇത്തരം പരിശോധനകളോട് സഹകരിക്കുമെന്നും, കർശന നടപടി വേണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസം കൊച്ചി സിറ്റിപോലീസ് കമ്മീഷ്ണർ വിളിച്ചു ചേർത്തയോഗത്തിൽ ഇക്കാര്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 5 ശതമാനം തൊഴിലാളികൾ ചെയ്യുന്ന പ്രശ്നങ്ങളുടെ മാനസീക സമ്മർദ്ദം മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നും ഉടമകൾ പറയുന്നു.

