
പകുതി വില തട്ടിപ്പില്‍ റിട്ട ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍.ഇമ്പ്‌ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്. 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.അതേസമയം സഹായം നല്‍കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു. സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്.