തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ശക്തമാകുന്നു. നവംബറിലെ ആദ്യ ആറു ദിവസത്തിനിടെ മാത്രം 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സെപ്റ്റംബറിലും ഒക്ടോബറിലും രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന വ്യാപന നിരക്കാണ് നിലവിൽ കാണിക്കുന്നത്. ഈവർഷം ഇതുവരെ 583 പേർക്കാണ് ഷിഗെല്ല ബാധിച്ചത്.
വെള്ളിയാഴ്ച(നവംബർ 6) രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. നവംബറിൽ രേഖപ്പെടുത്തിയ കേസുകളിൽ ഏഴെണ്ണം മലപ്പുറത്തും ആറെണ്ണം കോഴിക്കോട്ടുമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ പാലക്കാട്, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും പുതിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തവും കഫവും കാണപ്പെടുക, കടുത്ത വയറുവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശുചിത്വം പാലിക്കാത്തതും കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതുമാണ് രോഗവ്യാപനത്തിന് വഴിവെക്കുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും കുടിവെള്ള സ്രോതസ്സുകളിൽ ബാക്ടീരിയ കലരാൻ കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

