ചെറിയ ഒരു കാറ്റും കോളും വീശിയാൽ തന്നെ നിയന്ത്രണം വിട്ട് പോകുന്ന ഒരു പായ്കപ്പൽ പോലെ ആണ് മുസ്ലിം രാഷ്ട്രീയമെന്ന് വഖഫ് ബോർഡ് മെമ്പറും കേരള സ്റ്റേറ്റ് ഒർഫനേജ് കണ്ട്രോൾ ബോർഡ് മുൻ ചെയർ മാനുമായ അഡ്വ കെ എ ഹസൻ.മുസ്ലിം രാഷ്ട്രീയം എവിടെ നങ്കൂരമിടും എന്ന് ചോദിച്ചാൽ ഇപ്പോളത്തെ അവസ്ഥയിൽ എവിടെയും നങ്കൂരമിടാൻ സാധിക്കില്ല എന്നാണ് ഉത്തരം .കാരണം നങ്കൂരമിടേണ്ടത് എവിടെയാണ് എന്ന് അറിയാവുന്ന ഒരു കപ്പിത്താൻ കേരള മുസ്ലിം രാഷ്ട്രീയത്തിൽ ഇല്ല എന്നുള്ളതാണ് വേദനാ ജനകമായ സത്യം. കാലങ്ങളായി അറ്റകുറ്റ പണികൾ ചില്ലറ ചേപ്പടി വിദ്യകൾ ഉപയോഗിച്ച് മൂടി വെച്ച് പുറമെ യാതൊരു കെടുപാടും ഇല്ലാത്ത, എന്നാൽ ഉള്ളു മുഴുവൻ പൊള്ളയായ ഒരു രാഷ്ട്രീയ ജീർണതയിലേക്ക് കടന്നു പോയ്കൊണ്ടിരിക്കുകയാണ് കേരളത്തിലെ മുസ്ലിം രാഷ്ട്രീയം.
ചെറിയ ഒരു കാറ്റും കോളും വീശിയാൽ തന്നെ നിയന്ത്രണം വിട്ട് പോകുന്ന ഒരു പായ്കപ്പൽ പോലെ ആണ് അതിലെ ബഹുഭൂരിപക്ഷവും. വിദഗ്ധനായ ഒരു കപ്പിത്താൻ തന്റെ ഇതപര്യന്തമുള്ള അനുഭവ സമ്പത്ത് മുഴുവൻ പ്രയോഗിച്ചാൽ പോലും രക്ഷ പ്രാകിക്കാൻ കഴിയാത്ത അവസ്ഥ ആണ് ഇപ്പോൾ നാം കാണുന്നത്.
ഇനിയും ഇത് തുടർന്നാൽ അടിത്തറ തകർന്ന് ഏതെങ്കിലും ഒരു മൺ കൂനയിൽ ഉറച്ചു കാലഹാരണപെട്ടു പോകുന്ന അവസ്ഥയിലേക്ക് ഈ രാഷ്ട്രീയം കൂപ്പുകൂത്തും. പാരമ്പര്യമായി ഉയർത്തി കാട്ടാൻ ചില സമുന്നതരായ നേതാകൾ ഉണ്ടായിരുന്നാൽ പോലും ഈ കാലഘട്ടത്തിന്റെ നാടിമിടുപ്പ് മനസിലാക്കാൻ പ്രായോഗിക ബുദ്ധിയും വൈഭവവും ഉള്ള നേതാകന്മാർ നമുക്കില്ല എന്നുള്ളത് ഒരു വലിയ പരാജയം തന്നെ ആണ്. ( സി എച്ചിനെയും ബാഫക്കി തങ്ങളെയും പോലുള്ളവരെ മറക്കുന്നില്ല ).
സ്വന്തം കൊട്ടാവാതിലുകൾ ക്കപ്പുറം പോയി ഒരു മികച്ച വിജയം കൊയ്ത്തെടുക്കാൻ പ്രാപ്തിയുള്ള ഒരു നേതാക്കളും ഇല്ല. നൂറു ശതമാനം വിജയം ഉറപ്പാണ് എന്ന അഹങ്കാരത്തോടെ സ്വന്തം തട്ടകത്തിൽ നിന്നും ജയിക്കുന്ന ഈ നേതാക്കളെ ഒരു പഴമൊഴിയുമായി സാമ്യപ്പെടുത്തിയാൽ തിണ്ണമിടുക്ക് കാണിക്കുന്ന മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കാം. അത്തരം നേതാക്കൾ അരങ്ങു വാഴ്ന്നടുത്തോളം കാലം പുതു തലമുറയുടെ ആവേശമായി യുവ നേതാക്കൾക്കു ഉയർന്നു വരാൻ കഴിയില്ല.
ഇപ്പോളും സ്വന്തമായി ഒരു അസ്തിത്വം ഇല്ലാതെ മറ്റൊരു ദേശീയ പാർട്ടിയുടെ തൂണിൽ ചാരി നിക്കാനെ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് കഴിയുന്നൊള്ളു. ഗാന്ധിയെയും നെഹ്‌റുവിനെയും മാത്രം ഇപ്പോളും ഉയർത്തി കാട്ടി വോട്ട് പിടിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുമായി ഒത്തുപോകുന്നതിലൂടെ എന്ത് പുരോഗമനമാണ് ഈ കാലമത്രയും കേരളമുസ്ലിം രാഷ്ട്രീയത്തിന് സംഭാവന ചെയ്തിട്ടുള്ളത്.
കേരളത്തിന് വെളിയിൽ പുതിയ പരീക്ഷണങ്ങളിലൂടെ പ്രതീക്ഷയുടെ പുതിയ പുല്നാമ്പുകൾ മുളയ്ക്കുമ്പോൾ അതിനെ സ്വാഗതം ചെയ്തു ഇത്തരം പരീക്ഷണങ്ങൾ ഇവിടെയും നടത്തുന്നതിന് കേരളത്തിലെ പ്രഗല്ഭർ എന്ന് കരുതുന്ന നേതാക്കൾ തുനിയുന്നില്ല. സത്യം പറഞ്ഞാൽ അധികാരത്തിന്റെ അപ്പകഷണങ്ങൾക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റികൊടുക്കുന്ന പ്രവണതയാണ് നാമിവിടെ കാണുന്നത്.
പുരോഗമന ജനാതിപത്യ മതേതര പ്രസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയത്തിന് മാത്രമേ ഇപ്പോളത്തെ തകർച്ചയിൽ നിന്നും മുസ്ലിം രാഷ്ട്രീയതിന് മോചനം നേടാൻ ആവു. ഇതുവരെ മുസ്ലിം രാഷ്ട്രീയം കൈകാര്യം ചെയ്തുവരുന്ന വിവിധ മുസ്ലിം പാർട്ടികൾ അവർ ചെന്നുപെട്ടിട്ടുള്ള മുന്നണികളോ ബന്ധങ്ങളോ അവരെ സഹായിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
ഇപ്പോളുള്ള പാർട്ടികളിൽ ചിലതു തീവ്രവാദ നിലപാടുകൾ സ്വീകരിക്കുന്നവരാണ് എന്ന അഭിപ്രായം നിലനിൽക്കുമ്പോൾ തന്നെ അത് മാറ്റി മറ്റു മുസ്ലിം പാർട്ടികളുമായി സഹകരിച്ചു ഒരു കൊടികീഴിൽ കരുത്തരായ ഒരു കൂട്ടം നേതാക്കളുടെ നിയന്ത്രണത്തിൽ നീങ്ങാനും ഇപ്പോളുള്ള പുരോഗമന ജനാധിപത്യ മതേതര രാഷ്‌ടീയതിന്റെ കൂടെ അരികു പറ്റി നടക്കലാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഇന്ന് ഇപ്പോൾ കേരളത്തിൽ ഇടതു പക്ഷ രാഷ്ട്രീയം കയ്യാളുന്നവരാണ് ഏറെ കൂറേ ഈ നിലപാട് സ്വീകരിക്കുന്നവർ എന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.
ചെറുപ്പകാരായ നേതാ ക്കന്മാർക്ക് പാർട്ടി നേതൃത്വതിലേക്കു കടന്നു വരാൻ കഴിയാത്തത് എന്തുകൊണ്ടെന്നാൽ അവരെല്ലാം ഇപ്പോഴും തങ്ങളുടെ സ്ഥാനമാനങ്ങൾ നിലനിർത്തണമെങ്കിൽ സ്വാർത്ഥമാതികളും
സ്വജന പക്ഷപാതികളും ആയ മുതിർന്ന നേതാക്കളുടെ ഇഷ്ടാനുഷ്ടങ്ങൾക്ക് വിധേയരാകുന്നത് കൊണ്ടാണ്. ചുമടു താങ്ങികളും പെട്ടി ചുമപ്പുകാരുമായി മാറിയാൽ മാത്രമേ ഇത്തരം യുവാക്കൾക്ക് നേതൃ സ്ഥാനത്തു എവിടെ എങ്കിലുമൊ മറ്റു സ്ഥാനമാനങ്ങളോ ലഭിക്കാൻ സാധ്യത ഉള്ളു എന്ന വിചാരമാണ്. ഒരു ചെറിയ പാർട്ടിക്ക് കിട്ടിയ പി എസ് സി മെമ്പർ സ്ഥാനം പോലും അഴിമതിയുടെ ദുർഗന്ധം മണക്കുന്നു. സത്യമെന്താണെന്ന് അറിയില്ല. ഈ സാഹചര്യത്തിൽ കേരള മുസ്ലിം രാഷ്ട്രീയത്തെ എവിടെയും നങ്കൂരമിടാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്.
നങ്കൂരമിടേണ്ടത് എവിടെയാണ് എന്ന് അറിയാവുന്ന ഒരു കപ്പിത്താൻ കേരള മുസ്ലിം രാഷ്ട്രീയത്തിൽ ഇല്ല; അഡ്വ കെ എ ഹസൻ പറയുന്നു

