മെഡിക്കൽ ടെക്നോളജി ഗവേഷണത്തിന് ഊർജ്ജം പകർന്ന് കോഴിക്കോട് എൻ.ഐ.ടി-യിൽ ‘കണക്ട് മീറ്റ്’
കെ.എം.ടി.സി-യുടെ നേതൃത്വത്തിൽ മെഡിക്കൽ സ്ഥാപനങ്ങൾ എൻ.ഐ.ടി-യുമായി കൈകോർക്കുന്നു
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആരോഗ്യ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും (കെ.എം.ടി.സി) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും ചേർന്ന് മാർച്ച് 7-ന് എൻ.ഐ.ടി-യിൽ വെച്ച് ഏകദിന ‘കണക്റ്റ് മീറ്റ്’ സംഘടിപ്പിച്ചു. മെഡിക്കൽ ടെക്നോളജിയിലെ വിവർത്തന ഗവേഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കു വെയ്ക്കാൻ വിദഗ്ധരും പങ്കാളികളും ഒത്തുകൂടി. “മെഡ്-ടെക്കിലെ വിവർത്തന ഗവേഷണം: ആശയം മുതൽ നിർമ്മാണം വരെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മീറ്റിൽ കേരള മെഡ്-ടെക് ഇക്കോസിസ്റ്റത്തിന്റെ പങ്കാളികളായ ഗവേഷണ സ്ഥാപനങ്ങൾ, മെഡ്-ടെക് കമ്പനികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സ്റ്റാർട്ടപ്പുകൾ, ഹെൽത്ത്കെയർ കമ്പനികൾ, ആശുപത്രികൾ എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ ഈ രംഗത്തെ നൂതനാശയങ്ങൾ ചർച്ച ചെയ്തു.
2032-ഓടെ കേരളത്തെ ഇന്ത്യയിലെ മികച്ച മെഡിക്കൽ ടെക്നോളജി/മെഡിക്കൽ ഉപകരണങ്ങളുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാരിന്റെ ഒരു മുൻനിര സംരംഭമാണ് കെ.എം.ടി.സി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന് ഈ രംഗത്തെ ഗവേഷണം, നവീകരണം, വികസനം, നിർമ്മാണം എന്നിവ ത്വരിതപ്പെടുത്തുന്നതിന് കെ.എം.ടി.സി ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന പങ്കാളികളുമായി സഹകരിച്ച്, KMTC സ്ഥിരമായി സ്റ്റേക്ക്ഹോൾഡർ കണക്റ്റ് മീറ്റുകൾ (SCM) സംഘടിപ്പിക്കുന്നുണ്ട്.
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മീറ്റ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ സംരക്ഷണം താങ്ങാനാകുന്നതാക്കാനുള്ള സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. KMTC യുടെ സ്പെഷ്യൽ ഓഫീസർ ശ്രീ. സി. പത്മകുമാർ പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയും, വിദഗ്ധരും പങ്കാളികളും മെഡിക്കൽ ടെക്നോളജി, മെഡിക്കൽ ഉപകരണ മേഖലകളിലെ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കിടാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഡോ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള), ഡോ. ഇ.വി. ഗോപി (പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. കെ.എം. നവാസ് (ചെയർമാൻ, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), ഡോ. നാരായണൻകുട്ടി വാര്യർ (മെഡിക്കൽ ഡയറക്ടർ, എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്), ഡോ. ഗോപകുമാരൻ കർത്ത (ഡീൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട്) എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു സംസാരിച്ചു.
ടെക്നിക്കൽ സെഷനിൽ, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (ആർ.ആർ.ഐ.ഐ) ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗീസ് പ്രകൃതിദത്ത റബ്ബർ, ലാറ്റക്സ് അധിഷ്ഠിത മെഡിക്കൽ ഉൽപന്നങ്ങളിലെ അപാരമായ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. ഡോ. സന്തോഷ് കുര്യാക്കോസ് (ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ. വിജയഗോപാൽ (എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ ഹെൽത്ത് കെയർ’ എന്ന മേഖലയിൽ എൻ.ഐ.ടി കാലിക്കറ്റുമായി ചേർന്ന് നടത്തി വരുന്ന ഗവേഷണ-വികസന പ്രവർത്തനങ്ങൾ വിവരിച്ചു.
NIT കാലിക്കറ്റ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്, KMCT ഗ്രൂപ്പ് ഓഫ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, MVR കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ബന്ധപ്പെട്ട മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളും അതത് സ്ഥാപനങ്ങളിലെ സൗകര്യങ്ങളുടെ അവലോകനവും അവതരിപ്പിച്ചു. മെഡിക്കൽ ഉപകരണ മേഖലയിൽ നിന്നുള്ള തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിച്ചു. ഉൽപ്പന്ന വികസന പ്രക്രിയയിൽ തങ്ങൾ നേരിടുന്ന വെല്ലുവിളികളും അവർ അവതരിപ്പിച്ചു.
ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്, കെ.എം.സി.ടി മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള 50-ഓളം ഡോക്ടർമാരും, അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ഈ ഏകദിന ചർച്ചയിൽ പങ്കെടുത്തു കൊണ്ട്, മെഡിക്കൽ മേഖലയിലെ വെല്ലുവിളികളും ആവശ്യകതകളും നേരിടുന്നതിന് നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ ചർച്ച ചെയ്തു. പ്രധാന ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും മേധാവികൾ ഉൾപ്പെടെ 130 പേർ പങ്കെടുത്ത പരിപാടി മെഡിക്കൽ ടെക്നോളജി രംഗത്ത് നടന്നു വരുന്ന ആശാവഹമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി.

