വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി. ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന് പത്രോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോൻ അപകടസ്ഥലത്ത് നിന്നു കടന്നുകളഞ്ഞത്. ഇത് ഉൾപ്പടെ അന്വേഷിക്കുമെന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ പറഞ്ഞു.അതേസമയം വടക്കാഞ്ചേരി ബസപകടത്തിൽ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സംപിൾ അയച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഈ പരിശോധന. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇയാളുടെ സാമ്പിൾ എടുത്തത്.ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആര്‍ടിഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
വടക്കാഞ്ചേരി അപകടം;ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം,രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു

