തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ നാലരക്കിലോ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 12 മണിക്കാണ് നാഗര്‍കോവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്‌നാട് ബസില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ബംഗാളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന സംഘമാണ് അമരവിള എക്‌സൈസിന്റെ വലയില്‍ കുടുങ്ങിയത്. ബംഗാള്‍ സ്വദേശി പരിമള്‍ മണ്ഡല്‍, പഞ്ചനന്‍ മണ്ഡല്‍ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
സ്വാമിമാരുടെ വേഷത്തില്‍ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് സഞ്ചിക്കുള്ളില്‍ മൂന്നു കിലോ 600 ഗ്രാം ഭാരമുള്ള മുന്തിയയിനം കഞ്ചാവ് കണ്ടെത്തിയത്. ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിലകൂടിയ കഞ്ചാവാണെന്ന് ധരിപ്പിക്കുവാന്‍ വേണ്ടി സ്വാമി വേഷത്തിലുള്ളവരെയാണ് വിതരണത്തിനായി ഹോള്‍സെയില്‍ വ്യാപാരികള്‍ ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂര്‍ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു.